പഠനം രണ്ടാംക്ലാസില്‍; കൃഷിയില്‍ “ബിരുദം

കൊണ്ടോട്ടി: വിദ്യാലയം വിട്ടാല്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുനടക്കാനോ വഴിയോരക്കാഴ്ച കാണാനോ സാദിഖ്അലിക്ക് നേരമില്ല. പച്ചക്കറിത്തോട്ടം നനയ്ക്കണം, തടമെടുക്കണം, വളംചേര്‍ക്കണം… ഇങ്ങനെ നാനാവിധം പണിത്തിരക്കുണ്ട് ഈ ഏഴുവയസുകാരന്. സ്വപ്രയത്നത്തിലൂടെ തന്റെ കൊച്ചുപുരയിടത്തില്‍നിന്ന് കൃഷിപാഠം പകര്‍ന്നുനല്‍കുകയാണ് രണ്ടാംക്ലാസുകാരനായ സാദിഖ് അലി. അധ്യാപകര്‍ കഴിഞ്ഞവര്‍ഷം കൊടുത്ത പയര്‍വിത്ത് കൊളത്തൂര്‍ മുല്ലപ്പള്ളി എഎല്‍പി സ്കൂളിലെ കരുമ്പുലാക്കല്‍ സാദിഖ്അലി വെറുതെ കളഞ്ഞില്ല. വീട്ടുപറമ്പില്‍ നട്ടു. കിട്ടാവുന്ന പച്ചക്കറി വിത്തുകളെല്ലാം ശേഖരിച്ച് കൃഷിയിറക്കി. പയര്‍, തക്കാളി, വെണ്ട, ചീര, പച്ചമുളക് തുടങ്ങിയവ സാദിഖിന്റെ അടുക്കളത്തോട്ടത്തില്‍ സമൃദ്ധമായി വളരുന്നു. ഒരുവര്‍ഷത്തോളമായി സാദിഖ് പച്ചക്കറികൃഷി തുടങ്ങിയിട്ട്. പഠനം കഴിഞ്ഞാലുള്ള സമയം പാഴാക്കാറില്ല. വീടിനോടുചേര്‍ന്ന കൊച്ചുതോട്ടത്തിലെ ചെടികളും വള്ളികളുമാണ് അവന്റെ അടുത്ത കൂട്ടുകാര്‍. കുത്തനെ കിടക്കുന്ന പറമ്പിന്റെ മുകള്‍ഭാഗത്താണ് കൃഷി. വെളുപ്പിനേ സാദിഖ് തോട്ടത്തിലിറങ്ങും. നനയും പന്തലൊരുക്കലും എല്ലാമായി ഒരുമണിക്കൂര്‍. വൈകിട്ട് സ്കൂള്‍വിട്ട് വീട്ടിലെത്തിയാല്‍ വീണ്ടും പച്ചക്കറിത്തോട്ടത്തിലേക്ക്. പറമ്പിന്റെ താഴെ ഭാഗത്തുള്ള കിണറിലെ വെള്ളം മോട്ടോര്‍ പമ്പുവഴി ടാങ്കില്‍ ശേഖരിച്ചാണ് നനയ്ക്കല്‍. ജ്യേഷ്ഠത്തി ഹന്ന ഫയിസാണ് മുഖ്യ സഹായി. ഉപ്പ കരുമ്പുലാക്കല്‍ ഫൈസല്‍, ഉമ്മ ഷഹര്‍ബാന്‍ എന്നിവരുടെ പിന്തുണയുമുണ്ട്. കന്നിവിള സ്കൂളിലെ ഉച്ചഭക്ഷണത്തിന് സംഭാവനയായി നല്‍കിയും സാദിഖ് മാതൃക കാട്ടി. വില്‍പ്പനക്ക് പാകമായ പയര്‍ കഴിഞ്ഞദിവസം വിളവെടുത്തപ്പോഴും സഹപാഠികള്‍ക്ക് വീതിച്ചുനല്‍കാനായിരുന്നു സാദിഖിന് താല്‍പ്പര്യം. മണ്ണില്‍ പുതിയ പാഠം രചിക്കുന്ന സാദിഖിനെ അടുത്ത ശനിയാഴ്ച സ്കൂളിലൊരുക്കുന്ന പ്രത്യേക ചടങ്ങില്‍ അധ്യാപകരും സഹപാഠികളും അനുമോദിക്കും. ( 29-Mar-2013-ദേശാഭിമാനി)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: