പൂമാല ഗവ.സ്കൂള്‍ സുരക്ഷാ മാപ്പിങ് മാതൃകയാകുന്നു

 

 പൂമാല സ്കൂളിന്റെ സുരക്ഷാ മാപ്പിങ് കലാലയങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും മാതൃകയാകുന്നു. ജില്ലയിലെ മലയോര പിന്നോക്ക പ്രദേശമായ വെള്ളിയാമറ്റം പഞ്ചായത്തിലെ പൂമാല ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളാണ് പഠനപ്രവര്‍ത്തനത്തിലൂടെ സുരക്ഷാ മാപ്പിങ് തയ്യാറാക്കിയത്. ആദിവാസി മേഖലയായ പൂമാല യാത്രാസൗകര്യത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ട് നേരിടുന്നു. കിലോമീറ്ററുകളോളം വിജനമായ പ്രദേശങ്ങളിലൂടെ യാത്ര ചെയ്താണ് കുട്ടികള്‍ സ്കൂളില്‍ എത്തുന്നത്. മഴക്കാലമായാല്‍ പലവഴികളിലും തോടുകള്‍ നിറഞ്ഞൊഴുകി സഞ്ചാരയോഗ്യമല്ലാതാകും. മദ്യപാനം, ചീട്ടുകളി തുടങ്ങിയ സാമുഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങളും ഉണ്ട്. കുട്ടികള്‍ സ്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ തന്നെ അച്ഛനമ്മമാര്‍ ജോലികഴിഞ്ഞ് തിരിച്ചെത്താത്തതിനാല്‍ വീട്ടില്‍ ഒറ്റയ്ക്ക് കഴിയേണ്ടിവരുന്നു. ഇത്തരത്തിലുള്ള നിരവധി സാമൂഹിക പ്രശ്നങ്ങളുടെ പശ്ചാത്തലം ചര്‍ച്ചചെയ്തുകൊണ്ടാണ് കഴിഞ്ഞ മാര്‍ച്ച് മാസം പൂമാല ഗവണ്‍മെന്റ് ട്രൈബല്‍ സ്കൂളില്‍ പഠന പ്രവര്‍ത്തനമെന്ന നിലയില്‍ സുരക്ഷാ മാപ്പിങ് തയ്യാറാക്കാന്‍ അധ്യാപകരും കുട്ടികളും മുന്നിട്ടിറങ്ങിയത്. സ്കൂളിലെ അധ്യാപകരും കുട്ടികളും രണ്ട് ടീമായി വീടുകളും കടന്നുവരുന്ന പ്രദേശങ്ങളും സന്ദര്‍ശിച്ചു. ഏറ്റവും ദുര്‍ഘടം പിടിച്ച തടിയനാല്‍ എന്ന പ്രദേശത്തുനിന്നും പഠനയാത്ര ആരംഭിച്ചു. പട്ടികവര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്തെ വീടുകള്‍ ഓരോന്നും വളരെയധികം അകലത്തിലും ഉയരത്തിലുമാണ്. വലിയ കയറ്റിറക്കങ്ങളിലൂടെ വിജനമായ സ്ഥലങ്ങളിലൂടെയാണ് കുട്ടികള്‍ ഒറ്റയ്ക്കും കുട്ടായും സ്കൂളില്‍ എത്തുന്നത്. സുരക്ഷാ മാപ്പിങ് തയ്യാറാക്കുന്നതിനായി ഒന്‍പതാം ക്ലാസിലെ 40 കുട്ടികളാണ് പഠന പര്യടന പരിപാടിയിലുണ്ടായിരുന്നത്. റോഡുകള്‍ വളരെ വീതി കുറഞ്ഞതും വളവുകള്‍ നിറഞ്ഞതും അപകടങ്ങള്‍ നിറഞ്ഞതുമാണെന്ന് പഠന സംഘം കണ്ടെത്തി. ഇവിടെ പല സ്ഥലങ്ങളും സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങളാണെന്ന് കണ്ടെത്തുകയും ചെയ്തു. വഴിയില്‍ അപകടകരമായ നിലയില്‍ ട്രാന്‍സ്ഫോമര്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളും കണ്ടെത്തി. പലയിടത്തും റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ യാത്രയില്‍ സ്ഥിരമായി വിശ്രമിക്കുന്ന വീടുകള്‍, സ്വന്തം വീട്ടിലെത്തുന്ന സമയം, യാത്ര ചെയ്യുന്ന ദൂരം, അവധി ദിവസങ്ങളില്‍ കുട്ടികള്‍ കൂട്ടുകാരോടൊത്ത് മീന്‍പിടിക്കാനും മറ്റും വനമേഖലയില്‍ പോകുന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. ഇതെല്ലാം പ്രത്യേകം അടയാളപ്പെടുത്തിയാണ് സമഗ്രമായ സുരക്ഷാ മാപ്പിങ് തയ്യാറാക്കിയത്. പഠനയാത്രയില്‍ ലഭിച്ച വിവരങ്ങള്‍ ജനപ്രതിനിധികള്‍, എക്സൈസ്, ജനമൈത്രി പൊലീസ്, ആരോഗ്യവകുപ്പ് പ്രതിനിധികള്‍, ഡയറ്റ്, എസ്എസ്എ പ്രതിനിധികള്‍, ഓരോ വകുപ്പ് മേധാവികള്‍ എന്നിവര്‍ക്ക് മുമ്പാകെ അവതരിപ്പിക്കും. ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനും തീരുമാനിച്ചു. സുരക്ഷാമാപ്പിന്റെ കോപ്പി വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റിന് സമര്‍പ്പിച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് സുരക്ഷാ മാപ്പിങിന്റെ തുടര്‍ പ്രവര്‍ത്തനം ആരംഭിക്കും. ഏപ്രില്‍- മെയ് അവധിക്കാലത്ത് പൂമാല പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ക്യാമ്പയിനും നടക്കും. വീടുകളെ ക്ലസ്റ്ററുകളായി തിരിച്ച് രക്ഷിതാക്കള്‍ക്ക് പരിശീലനവും മറ്റും സംഘടിപ്പിക്കും. ആരോഗ്യം, ഫാമിലി കൗണ്‍സിലിങ്, മദ്യപാനം പെണ്‍കുട്ടികളുടെ സുരക്ഷ തുടങ്ങിയവയിലാണ് ക്യാമ്പയിന്‍. ജനപ്രതിനിധികള്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍, മതസാമുദായിക സംഘടന, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്നിവയ്ക്കൊപ്പം ചേര്‍ത്ത് സാമുഹ്യസുരക്ഷാ സംഘാടക സമിതിയും രൂപീകരിക്കും.(കെ വി സണ്ണി മൂലമറ്റം:desabhimani)
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: