നോളജ്ഫെസ്റ്റിന് തുടക്കമായി (News)

രക്ഷിതാക്കളും വിദ്യാര്‍ഥികളും അവധിക്കാലം വിജ്ഞാനപ്രദമാക്കാന്‍ ഒത്തുകൂടിയ നോളജ് ഫെസ്റ്റിന് തുടക്കമായി. പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അവധിക്കാല പരിപാടിയായ നോളജ് ഫെസ്റ്റിന്റെ ഭാഗമായി ആരംഭിച്ച വിവിധങ്ങളായ പരിപാടികള്‍ക്ക് ചൊവ്വാഴ്ചയാണ് തുടക്കംകുറിച്ചത്. ഐ ടി സാക്ഷരത, സര്‍ഗവായന, പ്രാദേശികോത്സവം, ഗണിതശാസ്ത്ര വര്‍ഷാചരണം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ അവധിക്കാലത്ത് സംഘടിപ്പിക്കും. പ്രാദേശിക സംഘാടകസമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഐടിസി പഠനകേന്ദ്രങ്ങളിലൂടെയാണ് രക്ഷിതാക്കളില്‍ കംപ്യൂട്ടര്‍ കൈകാര്യം ചെയ്യാനുള്ള പ്രാഥമികമായ അറിവുകള്‍ നല്‍കുക. രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കുന്ന പ്രാദേശിക ഉത്സവങ്ങള്‍ ,ഗണിതശാസ്ത്രവര്‍ഷാചരണ പരിപാടികള്‍ക്ക് തുടക്കംകുറിച്ച് പ്രവര്‍ത്തനങ്ങള്‍, ഒരുകുട്ടി 100 പുസ്തകം എന്ന ക്രമത്തില്‍ ആയിരം സര്‍ഗവായനകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവധിക്കാലത്ത് പൂമാലയില്‍ ഒരുക്കിയിട്ടുള്ളത്. നോളജ് ഫെസ്റ്റ് രണ്ടാഴ്ചയും അവധിക്കാല പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസവും നീണ്ടുനില്‍ക്കും. പരിപാടിയുടെ നടത്തിപ്പിന് വിപുലമായ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. നോളജ് ഫെസ്റ്റിന്റെ ഉദ്ഘാടനം വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ രാമന്‍ നിര്‍വഹിച്ചു. സ്കൂള്‍ പ്രവര്‍ത്തന ഡോക്യുമെന്റേഷന്റെ സിഡികള്‍ വൈസ് പ്രസിഡന്റ് എന്‍ വി വര്‍ക്കി നിരപ്പേല്‍ എസ്എസ്എ കോ-ഓര്‍ഡിനേറ്റര്‍മാരായ കെ എന്‍ ശിവദാസ്, ടി ബി മോളി എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. പിടിഎ പ്രവര്‍ത്തനം, ശാസ്ത്രവര്‍ഷം പരിപാടികള്‍, ഇംഗ്ലീഷ്ഫെസ്റ്റ്, പ്രാദേശികോത്സവങ്ങള്‍, കലാപഠനകേന്ദ്രത്തിലെ ചെണ്ടപരിശീലനം, നൃത്തപരിശീലനങ്ങള്‍ എന്നിവയാണ് സിഡിയില്‍ ഉള്ളത്. പഞ്ചായത്തംഗം ബി ജി രവികുമാര്‍ , ഐടി കോ-ഓര്‍ഡിനേറ്റര്‍ വി വി ഷാജി, ശശികുമാര്‍ കിഴക്കേമഠം, പി എന്‍ വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു

Advertisements